നാരായണ്‍ റാണെയുടെ അറസ്റ്റ്; മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സംഘര്‍ഷം രൂക്ഷം

കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ അറസ്റ്റിന് പിന്നാലെ മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സംഘര്‍ഷം രൂക്ഷം. ശിവസേന – ബിജെപി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി ഏറ്റുമുട്ടി.ശിവസേന രാഷ്ട്രീയം കളിക്കുകയാണെന്നും പ്രോട്ടോകോള്‍ ലംഘിച്ചെന്നും ബിജെപി കുറ്റപ്പെടുത്തി.റാണെ ജാമ്യത്തില്‍ ഇറങ്ങിയെങ്കിലും ബിജെപി-ശിവസേന പോര് രൂക്ഷമാകുകയാണ്. റാണെയുടെ പരാമര്‍ശത്തോട് ബിജെപി നേതാക്കള്‍ അകലം പാലിക്കുമ്പോഴും അറസ്റ്റ് അടക്കമുള്ള നടപടികളില്‍ ബിജെപിക്ക് കടുത്ത അമര്‍ഷമുണ്ട്. കേസ് റദ്ദാക്കാനായി റാണെ, മുംബൈ ഹൈക്കോടതിയെ സമീപിക്കും. ഇതിനിടെ റാണെയെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന മഹാരാഷ്ട്ര മന്ത്രിയുടെ വീഡിയോ പുറത്തായി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കരണത്തടിക്കുമെന്ന റാണെയുടെ പരാമര്‍ശമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആരെയും അവഹേളിക്കുന്ന പ്രസംഗം നടത്തില്ലെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് കോടതി റാണെക്ക് ജാമ്യം നല്‍കിയത്. ഈ മാസം മുപ്പതിനും അടുത്ത മാസം പത്തിനും റാണെ കോടതിയില്‍ ഹാജരാകണം.