ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കി

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹര്‍ജി നല്‍കി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും.ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ , പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പടെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന വകുപ്പ് കൂടി വ്‌ളോഗര്‍ സഹോദരന്മാര്‍ക്കെതിരായി ഉള്‍പ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവരുടെ വാന്‍ കണ്ണൂര്‍ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ആര്‍.ടി.ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിന് ഇവര്‍ക്കെതിരെ നടപടി എടുത്തിരുന്നു. ഇ ബുള്‍ ജെറ്റ് വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പദ്മലാല്‍് പറഞ്ഞു.

അംഗീകൃത വാഹനങ്ങളില്‍ മാത്രം അനുമതിയുള്ള സെര്‍ച്ച് ലൈറ്റ് ഇ ബുള്‍ജറ്റ് വാഹനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനില്‍ക്കുന്ന പാര്‍ട്ട്‌സ് പാടില്ല എന്നാണ് നിയമം. എന്നാല്‍ ഈ നിയമവും ഇ-ബുള്‍ജെറ്റ് ലംഘിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ചൂണ്ടിക്കാട്ടി.