ആറളം പഞ്ചായത്ത് നിലനിര്‍ത്തി എല്‍.ഡി.എഫ്

ചരിത്രവിജയവുമായി ആറളം പഞ്ചായത്ത് നിലനിര്‍ത്തുകയാണ് എല്‍ ഡി എഫ്. ഉപതിരഞ്ഞെടുപ്പ് നടന്ന വീര്‍പ്പാട് വാര്‍ഡില്‍ 137 വോട്ടുകള്‍ക്ക് എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു കെ സുധാകരന്‍ വിജയിച്ചു. 608 വോട്ടുകളാണ് എല്‍ ഡി എഫിന് ആകെ ലഭിച്ചത്. യു ഡി എഫ് സ്ഥാനാര്‍ഥി സുരേന്ദ്രന്‍ 471 വോട്ടുകള്‍ നേടി. ബി ജെ പി ക്ക് 32 വോട്ടുകളാണ് ലഭിച്ചത്. 24 പോസ്റ്റല്‍ വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍ 17 വോട്ടുകള്‍ എല്‍ ഡി എഫിനും 6 വോട്ടുകള്‍ യു ഡി എഫിനും 1 വോട്ട് ബി ജെ പിക്കും ലഭിച്ചു.

17 വാര്‍ഡുകള്‍ ഉള്ള ആറളം പഞ്ചായത്തില്‍ 9 സീറ്റുകള്‍ നേടി എല്‍ ഡി എഫ് അധികാരത്തില്‍ എത്തിയിരുന്നെങ്കിലും സത്യപ്രതിജ്ഞയ്ക്ക് മുന്നേ എല്‍ ഡി എഫ് സ്ഥാനാര്‍തിയായിരുന്ന ബേബി മാസ്റ്റര്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് 8-8 എന്നതായിരുന്നു കക്ഷി നില. നറുക്കെടുപ്പിലൂടെയായിരുന്നു ദീര്‍ഘാകാലത്തിന് ശേഷം ആറളം എല്‍ ഡി എഫ് പിടിച്ചത്. വീര്‍പ്പാട് വാര്‍ഡിലെ വിജയത്തോടെ ആറളത്തെ കക്ഷിനില 9-8 ആയി.