ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകിയ താരത്തിന് അവസാന റൗണ്ടിൽ നിരാശ

ഗോൾഫ് കോഴ്സിൽനിന്ന് അപ്രതീക്ഷിത മുന്നേറ്റവുമായി ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ നൽകിയ അദിതി അശോകിന് അവസാന റൗണ്ടിൽ നിരാശ. നേരിയ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്.ഗോൾഫ് വനിതാ വിഭാഗം വ്യക്തിഗത സ്ട്രോക് പ്ലേ ഇനത്തിൽ ബെംഗളൂരുവിൽനിന്നുള്ള ഇരുപത്തിമൂന്നുകാരി അദിതി അശോകിനാണ് മെഡൽ നഷ്ടമായത്. മത്സരം അവസാന റൗണ്ടിലേക്ക് കടക്കുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന അദിതി, അവസാന ദിനം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു . ഒളിംപിക് ഗോൾഫിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് അദിതിയുടേത്.മെഡൽ പട്ടികയിൽ ഇടം പിടിക്കാനായില്ലെങ്കിലും ചരിത്രം കുറിച്ച പ്രകടനത്തോടെയാണ് അദിതി ടോക്കിയോയിൽനിന്ന് മടങ്ങുന്നത്.

മത്സരത്തിലുടനീളം മുൻപന്തിയിലായിരുന്ന ലോക ഒന്നാം നമ്പർ താരം യുഎസിന്റെ നെല്ലി കോർഡ സ്വർണം നേടി. ആതിഥേയരായ ജപ്പാന്റെ മോനെ ഇനാമിക്കാണ് വെള്ളി. ന്യൂസീലൻഡിന്റെ ലിഡിയ കോയുമായി ടൈയിൽ എത്തിയതോടെ പ്ലേ ഓഫിലാണ് ഇനാമി വെള്ളി ഉറപ്പിച്ചത്. ലിഡിയ കോ വെങ്കലം നേടി.