അഴീക്കല്‍ തുറമുഖത്ത് വലിയ കപ്പലുകള്‍ അടുപ്പിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ഡ്രഡ്ജിങ് പ്രവൃത്തി ഉടന്‍ പുനരാരംഭിക്കാന്‍ തീരുമാനം. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അധ്യക്ഷതയില്‍ കെ വി സുമേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ആദ്യഘട്ടത്തില്‍ കപ്പല്‍ ചാലിന്റെ ആഴം ഏഴ് മീറ്ററായി വര്‍ധിപ്പിക്കും. ഡ്രഡ്ജിങ്ങിലൂടെ പുറംതല്ലുന്ന മണല്‍ നിക്ഷേപിക്കാന്‍ തുറമുഖത്ത് സൗകര്യമൊരുക്കും. മണല്‍ വേഗത്തില്‍ ടെന്‍ഡര്‍ ചെയ്യാനും നടപടികള്‍ സ്വീകരിക്കും. നിലവില്‍ തുറമുഖത്ത് കെട്ടിക്കിടക്കുന്ന മണല്‍ ടെന്‍ഡര്‍ വിളിച്ച് വില്‍ക്കും.
തുറമുഖത്ത് ഇമിഗ്രേഷന്‍ സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കും. കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫീസുകള്‍, വെയര്‍ ഹൗസ്, കണ്ടൈയിനര്‍ സ്റ്റാക്കിങ് യാര്‍ഡ് എന്നിവ വേഗത്തില്‍ ഒരുക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദേശിച്ചു. തുറമുഖ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനും ധാരണയായി.
കപ്പലുകളെ തീരത്തേക്ക് വലിച്ചടുപ്പിക്കുന്നതിനുള്ള സ്ഥിരം ടഗ്ഗ് അഴീക്കലിലെത്തിക്കാനും പദ്ധതിയുണ്ട്. അഴീക്കലിനെ റീജണല്‍ പോര്‍ട്ട് ഓഫീസാക്കി നിലവിലെ പോര്‍ട്ട് ഓഫീസര്‍ ഇന്‍ചാര്‍ജിനെ റീജണല്‍ പോര്‍ട്ട് ഓഫീസറായി നിയമിക്കാനും തീരുമാനമായി. അടിയന്തര ആവശ്യത്തിന് പോര്‍ട്ട് ഓഫീസര്‍ക്ക് ഒരു ലക്ഷം രൂപ അനുവദിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് വി ജെ മാത്യു, സിഇഒ എച്ച് ദിനേശന്, ബോര്‍ഡ് അംഗങ്ങളായ അഡ്വ. എം കെ ഉത്തമന്, അഡ്വ. എന്‍ പി ഷിബു എന്നിവരും പങ്കെടുത്തു.