കര്‍ണാടകയിലേക്ക് കടക്കാന്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; മാക്കൂട്ടത്തും കര്‍ശന പരിശോധന

കേരളത്തില്‍ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കര്‍ണാടക അധിക്യതര്‍ മാക്കൂട്ടത്ത് പരിശോധന കര്‍ശനമാക്കി. കര്‍ണാടകയിലേക്ക് കടക്കണമെങ്കില്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.ഇതിന്റെ ഭാഗമായി കുടക് ഭരണകൂടവും മാകൂട്ടത്തെ പരിശോധന കര്‍ശനമാക്കുകയായിരുന്നു.

നേരത്തെ മാകൂട്ടത്തില്‍ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരെ കര്‍ണാടകത്തിലേക്ക് കടത്തിവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ്  രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരെ തടഞ്ഞത്. പച്ചക്കറി ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ക്ക് 14 ദിവസത്തെ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ ഇത് ഏഴ് ദിവസം ആക്കി ചുരുക്കിയതോടെ കേരളത്തിലേക്ക് പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനസാമഗ്രികള്‍ എത്തിക്കുവാന്‍ വേണ്ടി പോകുന്ന ഡ്രൈവര്‍മാരും അതിര്‍ത്തി കുടുങ്ങി.

24 മണിക്കൂറുമാണ് മാക്കൂട്ടത്ത് ഇപ്പോള്‍ പരിശോധന ഉള്ളത്. വിരാജ് പേട്ട എസ്‌ഐയുടെ നേതൃത്വത്തില്‍ കര്‍ണ്ണാടകത്തിലെ ആരോഗ്യപ്രവര്‍ത്തകരും റവന്യൂ ജീവനക്കാരുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. അപ്രതീക്ഷിതമായി മാകൂട്ടത്തെ പരിശോധന കര്‍ശനമാക്കിയതോടെ നിരവധി വാഹനങ്ങളാണ് അതിര്‍ത്തിയിലെത്തി തിരിച്ച് പോകുന്നത്.