അബുദാബി: യുഎഇയില്‍ ഓഗസ്റ്റില്‍ ഇന്ധനവില ഉയരും. പുതിയ നിരക്ക് യുഎഇയില്‍ ഇന്ധനവില നിര്‍ണയിക്കുന്ന കമ്മറ്റി വ്യാഴാഴ്ച പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് 11 മുതല്‍ 12 ഫില്‍സ് വരെയും ഡീസലിന് മൂന്ന് ഫില്‍സുമാണ് വര്‍ധിക്കുക.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് ഓഗസ്റ്റ് ഒന്നുമുതല്‍ 2.58 ദിര്‍ഹമായിരിക്കും നിരക്ക്. കഴിഞ്ഞ മാസം ഇത് 2.47 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍ 95 പെട്രോളിന് ലിറ്ററിന് 2.47 ദിര്‍ഹമാകും ഓഗസ്റ്റ് മുതല്‍ നല്‍കേണ്ടി വരിക. ജൂലൈയില്‍ ഇത് 2.35 ദിര്‍ഹമായിരുന്നു.
ഇ പ്ലസ് പെട്രോളിന് ലിറ്ററിന് 2.39 ദിര്‍ഹമാണ് വര്‍ധിപ്പിച്ച നിരക്ക്. 2.28 ദിര്‍ഹം ആയിരുന്നു പഴയ നിരക്ക്. ഡീസലിന് ഓഗസ്റ്റ് മുതല്‍ ലിറ്ററിന് 2.45 ദിര്‍ഹമാണ്. പഴയവില 2.42 ദിര്‍ഹം ആയിരുന്നു. അന്താരാഷ്ട്ര വിപണയിലെ എണ്ണവില അനുസരിച്ച് ഓരോ മാസവും യോഗം ചേര്‍ന്നാണ് പ്രാദേശിക വില നിശ്ചയിക്കുന്നത്.