
പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വെളിപ്പെടുത്തൽ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ബഹളത്തിൽ ലോക്സഭയും രാജ്യസഭയും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെയും പ്രതിപക്ഷ ബഹളം വെച്ചതോടെ സഭയെ അപമാനിക്കുന്നുവെന്ന് രാജ്നാഥ് സിംഗും പ്രതിപക്ഷം സഭയുടെ അന്തസ് ഇടിക്കാനാണ് ശ്രമിക്കുന്നത് സ്പീക്കർ ഓംബിർളയും ആരോപിച്ചു.കേന്ദ്ര മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ പേര് കേൾക്കാൻ പോലും പ്രതിപക്ഷത്തിന് താല്പര്യമില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാക്കളുടെയും സുപ്രീംകോടതി ജഡ്ജിയുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണുകൾ ഇസ്രായേലി ചാര സോഫ്റ്റുവെയര്‍ ഉപയോഗിച്ച് ചോര്‍ത്തി എന്ന വെളിപ്പെടുത്തലിൽ ചര്‍ച്ചയാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നീക്കം. കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്താൻ പ്രധാനമന്ത്രി എഴുന്നേറ്റപ്പോഴും പ്രതിപക്ഷം ബഹളം തുടര്‍ന്നു. നടുത്തിലിറങ്ങി പ്രതിപക്ഷ ബഹളം തുടര്‍ന്നതോടെയാണ് സഭ നടപടികൾ നിര്‍ത്തിവെച്ചത്. രാജ്യസഭയിലും ഇതേവിഷയത്തിലായിരുന്നു പ്രതിപക്ഷ ബഹളം.
ഇതിന് മുമ്പും പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിഷയം പല പാര്‍ടികളും ഇരുസഭകളിലും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പേരുകൾ കൂടി പുറത്തുവന്നതാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.