മില്‍മയും കെ എസ് ആര്‍ ടി സിയും കൈകോര്‍ത്തു.. കണ്ണൂരിലും ഇനി ഫുഡ് ട്രക്ക്..

മില്‍മയുടെ ഫുഡ് ട്രക്ക് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ കെ എസ് ആര്‍ ടി സി ഡിപ്പോകളിലും നടപ്പിലാക്കുന്ന പദ്ധതിയുടെ മലബാറിലെ ആദ്യ സംരംഭമാണ് കണ്ണൂരിലേത്. കെ എസ് ആര്‍ ടി സിയും മില്‍മയും സംയുക്തമായാണ് ഫുഡ് ട്രക്ക് പദ്ധതി നടപ്പിലാക്കുന്നത്. പഴയ കെ എസ് ആര്‍ ടി സി ബസ്സുകളെ മില്‍മ ഔട്‌ലെറ്റുകളായി മാറ്റുകയാണ് പദ്ധതി. വയനാട് ഒഴികെ എല്ലാ ജില്ലകളിലും ഫുഡ് ട്രക്കുകള്‍ ആരംഭിക്കും. കണ്ണൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ ഫുഡ് ട്രക്കിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വ്വഹിച്ചു.

ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുക്കുക എന്ന ലക്ഷ്യവുമായാണ് മില്‍മ ഈ പദ്ധതിയുടെ ഭാഗമാകുന്നത്. നിലവില്‍ മില്‍മ വിപണിയിലെത്തിക്കുന്ന 43 ഇനങ്ങളിലും ഈ ഫുഡ്ട്രക്കില്‍ ലഭ്യമാകും. ഇതിന് പുറമെ പാല്‍,തൈര്,സംഭരം എന്നിവയും ലഭിക്കും. ഇരുന്ന് ചായ കുടിക്കാനുള്ള സംവിധാനവുമുണ്ട്. പുറമെ കെ എസ് ആര്‍ ടി സി ബസണെങ്കിലും അകത്ത് കയറിയാല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രതീതിയാണ്. സി സി ടിവി ക്യാമറകളും,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ ബില്ലിംഗ് സംവിധാനവും എല്ലാമായി അതിനൂതനമാണ് ഈ ഫുഡ് ട്രക്ക്.