
തിരുവനന്തപുരം : സംസ്ഥാനത്ത് കടകൾ എല്ലാ ദിവസവും തുറന്ന് പ്രവൃത്തിക്കാൻ അനുമതി നൽകിയെക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ആവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകും. വാരാന്ത്യ ലോക്ഡൗൺ തുടരും.
പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്നാണ് സൂചന. തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ദ്ധസമിതി നിർദേശിച്ചത്.മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്ദ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.