
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെയുള്ള കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി എം ഗണേശനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. ചോദ്യംചെയ്യാൻ ഇന്ന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുക.
കോഴ വിവാദം ഉന്നയിച്ച ജെആർപി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എം ഗണേഷുമായുള്ള ശബ്ദരേഖ പുറത്തുവിട്ടിരുന്നു. സികെ ജാനു തന്നെ വിളിച്ചിരുന്നെന്നും കാര്യങ്ങളെല്ലാം ശരിയാക്കിയെന്നും ഗണേഷ് പറയുന്നതും ശബ്ദരേഖയിലുണ്ട്. ബത്തേരിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ നൽകാൻ എം ഗണേഷിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറയുന്നതിന്റെ ശബ്ദരേഖയും നേരത്തെ പുറത്തുവന്നിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്.