കോവിഡ് മരണക്കണക്കില്‍ സർക്കാരിന്റെ ജനവിരുദ്ധ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധിയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. കോവിഡ് മരണത്തിലെ ക്രമക്കേടുകൾ പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പറയേണ്ടി വന്നത് കോടതി ഇടപെടല്‍ മൂലമാണ്. കോവിഡാനന്തര അവസ്ഥകൾ കാരണമുള്ള മരണങ്ങൾ കോവിഡ് മരണങ്ങൾ ആയി തന്നെ രേഖപ്പെടുത്തി അവരുടെ കുടുംബങ്ങൾക്കുള്ള ആനൂകൂല്യങ്ങൾ ഉറപ്പ് വരുത്തണം എന്നാണ് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളും ആവശ്യങ്ങളും അക്ഷരംപ്രതി ശരിവെക്കുകയാണ് കോടതി ചെയ്തത്.
സർക്കാരിന്റേയും ആരോഗ്യ മന്ത്രിയുടെയും ആകെയുള്ള താൽപര്യം, കോവിഡ് മരണ കണക്കുകൾ കുറച്ചു കാണിച്ച് സർക്കാരിന്റെ സൽപ്പേര് നിലനിർത്തൽ മാത്രമാണ്.
സ്വന്തം മുഖംമിനുക്കലിനേക്കാൾ ജനങ്ങളുടെ ജീവിതത്തിനും ജീവനും വിലകല്പിക്കാൻ ഇനിയെങ്കിലും സർക്കാർ തയ്യാറാവേണ്ടതുണ്ട്. കെ പിസിസി പ്രസിഡണ്ട് ഫേസ്ബുക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.