
കോപ്പ അമേരിക്കയില്‍ ആരാധകര്‍ ഇത്തവണ കാത്തിരിക്കുന്നത് കലാശപ്പോര്. ബ്രസീലും അര്‍ജന്റീനയും ഫൈനലില്‍ ഏറ്റുമുട്ടുന്ന തരത്തിലാണ് ഇത്തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരക്രമം. ആരാധകര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോര് കൂടിയാകും കോപ്പയിലെ കലാശപ്പോര്. ലിയോണല്‍ മെസിയുടെ അര്‍ജന്റീനയും നെയ്മറുടെ ബ്രസീലും ഏറ്റുമുട്ടുന്നൊരു കാഴ്ചയാണ് ആരാധകരുടെ കാത്തിരിപ്പ്. വെള്ളിയാഴ്ച തുടങ്ങുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിന് ചിലെയും അര്‍ജന്റീനയ്ക്ക് ഇക്വഡോറുമാണ് എതിരാളികള്‍.
ചിലെയെ തോല്‍പിച്ചാല്‍ സെമിയില്‍ ബ്രസീലിനെ കാത്തിരിക്കുന്നത് പെറു-പരാഗ്വേ ക്വാര്‍ട്ടറിലെ വിജയികള്‍. ഇക്വഡോറിനെ മറികടന്നാല്‍ അര്‍ജന്റീനയ്ക്ക് സെമിയില്‍ ഉറുഗ്വേ-കൊളംബിയ മത്സര വിജയികളാവും എതിരാളികള്‍. നാല് കളിയില്‍ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയിന്റ് നേടിയാണ് ബ്രസീലും അര്‍ജന്റീനയും ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീല്‍ പത്ത് ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീനയുടെ അക്കൗണ്ടിലുള്ളത് ഏഴ് ഗോള്‍. അതേസമയം ഇരു ടീമും വഴങ്ങിയത് രണ്ടുഗോള്‍ മാത്രം.