മലയോര മേഖലയിലെ ദുരന്ത സാധ്യത പ്രദേശങ്ങൾ ഇരിട്ടി അഗ്നി രക്ഷാ സേനാ പ്രവർത്തകർ സന്ദർശിച്ചു

കാലവർഷവും തുടർന്നുണ്ടാകുന്ന പ്രളയക്കെടുതികൾക്കും മുന്നോടിയായി മലയോര മേഖലയിലെ ദുരന്ത സാധ്യത പ്രദേശങ്ങൾ ഇരിട്ടി അഗ്നി രക്ഷാ സേനാ പ്രവർത്തകർ സന്ദർശിച്ച് വിലയിരുത്തി. ഇരിട്ടി സ്‌റ്റേഷൻ ഓഫീസർ സി.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

മലയോര പഞ്ചായത്തുകളിൽ പ്രവർത്തിച്ചു വരുന്ന കരിങ്കൽ – ചെങ്കൽ ക്വാറികൾ, മുൻപ് വെള്ളപൊക്കമുണ്ടായ പ്രദേശങ്ങൾ , ഉരുൾപൊട്ടൽ സാധ്യതാ മേഖലകൾ എന്നിവിടങ്ങളിലാണ് സംഘം സന്ദർശിച്ചത്. മനുഷ്യ നിർമ്മിതമായ കച്ചേരിക്കടവിലെ ബാരാപ്പോൾ , കേരളാ കർണ്ണാടക അതിർത്തിയിലെ മാക്കൂട്ടം വനമേഖല തുടങ്ങിയ പ്രദേശങ്ങൾ രണ്ട് ദിവസമായി നിരീക്ഷിച്ച് വരികയാണ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന പക്ഷം അധികൃതരെ വിവരം അറിയിക്കുവാനുള്ള നമ്പരുകളും പ്രദേശവാസികൾക്ക് മുൻകരുതൽ സ്വീകരിക്കേണ്ട രീതികളും പഠിപ്പിച്ചു നൽകി.

ഇരിട്ടി സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിനൊപ്പം സംഘത്തിൽ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മെക്കാനിക് അശോകൻ , ഫയർ & റെസ്ക്യൂ ഓഫീസർ സന്ദീപ്, സിവിൽ ഡിഫൻസ് അംഗങ്ങളായ റീജിണൽ പോസ്റ്റ് വാർഡൻ അനീഷ് കീഴ്പ്പള്ളി, ഇരിട്ടി നിലയം പോസ്റ്റ് വാർഡൻ നിധീഷ് ജേക്കബ്, ഡപ്യൂട്ടി പോസ്റ്റ് വാർഡൻ അരുൺ ഇരിട്ടി , സിവിൽ ഡിഫൻസ് അംഗം പ്രബീഷ് എന്നിവരും പ്രദേശങ്ങൾ സന്ദർശിച്ച് പഠനം നടത്താൻ പോയിരുന്നു.