ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം: രണ്ടുപേര്‍ അറസ്റ്റില്‍

ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബില്‍ നിന്ന് ലാപ് ടോപ്പുകള്‍ മോഷണം പോയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. മോഷ്ടിച്ച ലാപ് ടോപ്പുകള്‍ വില്‍പ്പന നടത്തിയ സ്ഥാപനം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. ഇരിട്ടി ഡിവൈ.എസ്.പി. പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.ആറളം ഫാമിലെ താമസക്കാരായ കോഴിക്കോട് മാറാട് സ്വദേശി പാലക്കല്‍ ദീപു, തലശ്ശേരി ടെമ്പിള്‍ ഗേറ്റ് സ്വദേശി കെ എസ് മനോജ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇരിട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌ക്കൂള്‍ ബ്ലോക്കിലെ കപ്യൂട്ടര്‍ ലാബില്‍ സൂക്ഷിച്ച 28 ലാപ്ടോപ്പുകള്‍ മോഷണം പോയത്.പ്രഥമാദ്ധ്യാപിക എന്‍. പ്രീത ലോക് ഡൗണിന്റെ തലേദിവസം ഓഫീസ് ജീവനക്കാര്‍ക്കൊപ്പം സ്‌കൂളില്‍ എത്തി പരിശോധന നടത്തുന്നതിനിടെയാണ് ലാബിന്റെ പൂട്ടുപൊളിച്ച് ലാപ്‌ടോപ്പുകള്‍ കവര്‍ന്നത് ശ്രദ്ധയില്‍ പെട്ടത്. സ്‌കൂളിന്റെ പിറകുവശത്തുള്ള ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാക്കള്‍ സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചത്.

കഴിഞ്ഞ 28ന് പത്താം ക്ലാസിലെ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസമാണ് തുടര്‍ന്നു നടക്കുന്ന ഐ ടി പരീക്ഷ നടത്തുന്നതിനായി ഇത്രയും ലാപ്ടോപ്പുകള്‍ ലാബില്‍ സജ്ജീകരിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന പല ഘട്ടങ്ങളിലായി സ്‌കൂളിന് നല്‍കിയ 8 ലക്ഷത്തോളം വിലവരുന്ന ലാപ്ടോപ്പുകളാണ് മോഷണം പോയത്. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.സ്‌കൂളിന്റെ പ്രധാന കവാടത്തിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സി സി ടിവി ദൃശ്യങ്ങള്‍ പൊലിസ് ശേഖരിച്ചിരുന്നു.