കേരളത്തിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700ല്‍ നിന്നും 500 ആക്കി കുറച്ചിട്ടും സ്വകാര്യലാബുകള്‍ അനുസരിക്കാത്തത് സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇത് സര്‍ക്കാരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മറ്റു സംസ്ഥാനങ്ങളേക്കാള്‍ മൂന്നിരട്ടി പണം സംസ്ഥാനത്തെ സ്വാകാര്യ ലാബുകള്‍ക്ക് പിഴിഞ്ഞെടുക്കാനുള്ള അവസരമുണ്ടാക്കിയത് സര്‍ക്കാരായിരുന്നുവേണെന്നും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതു കൊണ്ട് മാത്രമാണ് സര്‍ക്കാര്‍ ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറായതെന്നും കെ സുരേന്ദ്രൻ. നിരക്ക് കുറയ്ക്കാത്ത ലാബുകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം .കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ മുതലാളിമാരുടെ ഇംഗിതത്തിന് വഴങ്ങുന്നതില്‍ നിന്ന് പിണറായി സര്‍ക്കാര്‍ പിന്‍മാറണം. ഇല്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ നടത്താന്‍ ബിജെപി നിര്‍ബന്ധിതമാവുമെന്നും കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
