
കാസർകോട് : കാസർകോട് കാഞ്ഞങ്ങാട് തെരഞ്ഞെടുപ്പിന് പിരിവ് നല്കാന് വൈകിയെന്ന പേരില്‍ നിര്‍മാണത്തിലുള്ള വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ കൊടിനാട്ടിയെന്ന് പരാതി. കാഞ്ഞങ്ങാട് ഇട്ടമ്മല്‍ സ്വദേശി വി എം റാസിഖാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്. വൈകിട്ട് അഞ്ച് മണിയോടെ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തര്‍ സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് റാസിഖ് പരാതിയിൽ പറയുന്നു.
തെരഞ്ഞെടുപ്പിന് പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതായും റാസിഖ് പറഞ്ഞു. എന്നാല്‍ ഇത് വൈകിയതോടെയാണ് പ്രവര്‍ത്തകര്‍ പ്രകോപിതരായതും നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് കൊടിനാട്ടിയതെന്നുമാണ് പൊലീസില്‍ നല്കിയ പരാതി.സംഭവം വിവാദമായതോടെ കൊടി നീക്കിയിട്ടുണ്ട്.
എന്നാല്‍ വയലില്‍ വീട് നിര്‍മിക്കുന്നതിനെതിരെ പഞ്ചായത്തില്‍ പരാതിയുണ്ടെന്നും ഇക്കാര്യം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണെന്നുമാണ് പ്രദേശത്തെ ഡിവൈഎഫ്ഐ നേതാക്കളുടെ വാദം. എന്നാല്‍ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും വില്ലേജ് ഓഫീസര്‍ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെന്നും ഇതിന്റെ രേഖകൾ കൈവശമുണ്ടെന്നും കുടുംബം പറയുന്നു.