
ഇരിട്ടിയില്‍ പുതിയ പാലം യാഥാര്‍ഥ്യമായതോടെ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് 9 പതിറ്റാണ്ട് പിന്നിടാനൊരുങ്ങുന്ന പഴയ പാലം നാടിന്റെ പൈതൃകമായി സംരക്ഷിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇരിട്ടിയുടെ മുഖമുദ്രയായി നില്ക്കുന്ന ഈ പാലം അറ്റകുറ്റപ്പണികള്‍ ചെയ്ത് സംരക്ഷിക്കുന്നതിനായി കെ എസ് ടി പി പൊതുമരാമത്ത് വകുപ്പിന് കത്ത് കൈമാറി.
ബ്രിട്ടീഷുകാരുടെ സാങ്കേതിക മികവിന്റെ അടയാളമായ പഴയ പാലത്തെ ഒരു പോറലും എല്ക്കാതെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ ആലോചിക്കുന്നത്. കരിങ്കല്‍ തൂണുകളില്‍ ഇരുമ്പ്, ഉരുക്കു ബീമുകളും പാളികളും കൊണ്ട് നിര്‍മ്മിച്ച ഈ പാലം പൈതൃകമായി നിലനിര്‍ത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് പുതിയ പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ രണ്ട് വര്‍ഷം മുന്‍മ്പ് പ്രഖ്യാപിച്ചിരുന്നു. പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ എത്തിയ പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനാണ് പഴയ പാലം പൈതൃകമായി സംരക്ഷിക്കുമെന്ന് അന്ന് പ്രഖ്യാപിച്ചത്.
പുതിയപാലം നിര്‍മ്മാണം തുടങ്ങിയതുമുതല്‍ നാല് വര്‍ഷത്തിലേറെയായി പഴയ പാലത്തിന്റെ അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ല. പാലത്തിലെ ബീമുകളും ഇരുമ്പു പാളികളും മുഴുവന്‍ തുരുമ്പെടുത്ത് തുടങ്ങി. പാലത്തിന്റെ ബലം മുഴുവന്‍ താങ്ങി നിര്‍ത്തുന്ന മേല്‍ത്തട്ടില്‍ ബീമുകളും ഇരുമ്പ് ദണ്ഡുകളും പലതും വാഹനമിടിച്ചും, വാഹനങ്ങള്‍ കുടുങ്ങിയും പൊട്ടി തൂങ്ങിയ നിലയിലാണ്. പാലത്തിന്റെ അടി ഭാഗത്തെ കോണ്‍ക്രീറ്റ് പാളികളും അടര്‍ന്ന് വീണു തുടങ്ങി. ഇതെക്കെ പരിഹരിക്കുന്നതിന് കാര്യമായ അറ്റകുറ്റ പണി തന്നെ നടത്തേണ്ടി വരും. പൊതുമരാമത്ത് പാലങ്ങളുടെ നിര്‍മ്മാണവും സംരക്ഷണവും നടത്തുന്ന വിഭാഗത്തോട് ഇതിനായി വിശദമായ എസ്റ്റിമേറ്റ് തെയ്യാറാക്കാന്‍ ആണ് കെ എസ് ടി പി ഇപ്പോള്‍ കത്തു നല്‍കിയിരിക്കുന്നത്. പൊതുമരാമത്ത് പാലം വിഭാഗം ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഉടന്‍ തന്നെ പഴയ പാലം പരിശോധിക്കും.