ചലച്ചിത്ര പ്രതിഭ പി. ബാലചന്ദ്രൻ അന്തരിച്ചു

കൊച്ചി : പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി. ബാലചന്ദ്രൻ അന്തരിച്ചു. ഇന്ന് പുലർച്ചെ ആറ് മണിയോടെ വൈക്കത്തെ വീട്ടിലായിരുന്നു അന്ത്യം. മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ പ്രശസ്തനായത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും മികവ് തെളിയിക്കുകയായിരുന്നു.

കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗീസ് ചേകവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. ട്രിവാൻഡ്രം ലോഡ്‌ജ് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടി. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം നേടിയ‘ ഇവൻ മേഘരൂപൻ’ എഴുതി സംവിധാനം ചെയ്തു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ൽ പ്രതിരൂപങ്ങൾ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാർഡും പി ബാലചന്ദ്രനായിരുന്നു.