ദാദാ സാഹേബ് ഫാൽകേ അവാർഡിന് നടൻ രജനികാന്തിനെ തെരഞ്ഞെടുത്തു. വാർത്ത വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിക്കാണ് താരം അർഹനായത്. അൻപത് വർഷമായി ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് രജനികാന്തിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് മന്ത്രി പറഞ്ഞു. ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, ശങ്കർ മഹാദേവൻ, ആശാ ബോസ്ലേ, സുഭാഷ് ഗയ് എന്നിവരടങ്ങിയ പുരസ്കാര നിർണയ സമിതിയാണ് രജനികാന്തിനെ തെരഞ്ഞെടുത്തത്. ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാ സാഹേബ് ഫാൽക്കെയുടെ അനുസ്മരണാർത്ഥമാണ് ഈ പുരസ്കാരം കേന്ദ്രസർക്കാർ നൽകുന്നത്.