‘യുഡിഎഫ് അന്നം മുടക്കികള്‍’, കഞ്ഞിവെച്ച്‌ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ

സംസ്ഥാനത്തെ പ്രതിപക്ഷം പാവപ്പെട്ടവരുടെ അന്നം മുടക്കുകയാണ് എന്നാരോപിച്ച്‌ ഡിവൈഎഫ്‌ഐ പ്രതിഷേധം. തിരഞ്ഞെടുപ്പിനെ മറയാക്കി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം ആരോപിച്ചു. യുഡിഎഫിനെതിരെ സംസ്ഥാനത്തെ എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും കഞ്ഞിവെച്ച് പ്രതിക്ഷേധിച്ച് ഡിവൈഎഫ്‌ഐ.

എഎ റഹീമിന്റെ കുറിപ്പ് വായിക്കാം: ‘സംസ്ഥാനത്ത് ഒരാള്‍ പോലും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ക്ക് അരി വിതരണം ചെയ്യുവാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം തടസ്സപ്പെടുത്തുകയാണ് യുഡിഎഫ്. ഇത് മനുഷ്യത്വ വിരുദ്ധമായ സമീപനമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. സര്‍ക്കാരിന്‍റെ മുഴുവന്‍ ജനക്ഷേമ പദ്ധതികളേയും തിരഞ്ഞെടുപ്പിനെ മറയാക്കി എതിര്‍ക്കുകയാണ് പ്രതിപക്ഷം.

വിഷു, ഈസ്‌റ്റര്‍ കിറ്റ്‌ മുടക്കാനും പ്രതിപക്ഷ നേതാവ്‌ പങ്കുവഹിച്ചു. അതിന്റെ ഭാഗമാണ്,‌ മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കു 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനുള്ള തീരുമാനം തടയപ്പെട്ടത്. എന്നാല്‍, സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഉത്തരവിറക്കിയത് പെരുമാറ്റച്ചട്ടം വരും മുമ്ബെയായിരുന്നു. എല്ലാ വിശേഷ ദിവസങ്ങളിലും പിണറായി സര്ക്കാര് നടത്തിവരുന്ന റേഷന്‍ വിതരണം തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിന്റെ മറവില്‍ ജനങ്ങളെ വഞ്ചിക്കുകയാണ് പ്രതിപക്ഷ നേതാവും യുഡിഎഫും ചെയ്യുന്നത്. അന്നം മുടക്കികളാകുന്ന യുഡിഎഫിനെതിരെ, ഇന്ന് സംസ്ഥാന വ്യാപകമായി എല്ലാ ബൂത്ത് കേന്ദ്രങ്ങളിലും ഡിവൈഎഫ്‌ഐ കഞ്ഞിവച്ച്‌ പ്രതികരിക്കും.