തിരുവനന്തപുരം : ക്ഷേമ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയാക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് എല്‍ഡിഎഫ് പ്രകടന പത്രിക. വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കും. കാര്‍ഷിക മേഖലയില്‍ വരുമാനം 50 ശതമാനമെങ്കിലും ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ നടപ്പിലാക്കും. ആരോഗ്യ വിദ്യാഭ്യാസമേഖലയെ ലോകോത്തരമാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
പൊതുമേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള സമീപനവും പ്രകടന പത്രികയിലുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് പതിനായിരം കോടി രൂപയുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. മൂല്യവര്‍ധിത വ്യവസായങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമുണ്ട്. സൂക്ഷ്മ ചെറുകിട – ഇടത്തരം വ്യവസായ മേഖലയില്‍ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തില്‍ നിന്നും മൂന്ന് ലക്ഷമാക്കി ഉയര്‍ത്തും. പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാന്‍ പ്രത്യേക സ്‌കീമുകള്‍ തയാറാക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.
എകെജി സെന്ററില്‍ നടന്ന ചടങ്ങിലാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.