വനിതാ വിഭാഗം എന്‍സിസിയില്‍ ചേരാന്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിക്ക് അനുമതി നല്കി കേരള ഹൈക്കോടതി. ഹിന ഹനീഫ എന്ന ഇരുപത്തിയൊന്നുകാരിയുടെ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം. ജസ്റ്റിസ് അനു ശിവരാമനാണ് നിര്‍ണായകമായ ഉത്തരവിട്ടത്.

തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ വിദ്ദ്യാർത്ഥിയായ ഹിനക്ക് എന്‍സിസിയില്‍ ചേരണമെന്ന ആഗ്രഹത്തിന് വെല്ലുവിളികള്‍ ഏറെയായിരുന്നു. എന്‍സിസിയില്‍ വനിതാ വിഭാഗത്തില്‍ ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി 2019 ഒക്ടോബറില്‍ കോളേജിലെ എന്‍സിസി യൂണിറ്റിലും തിരുവനന്തപുരത്തെ എന്‍സിസി കമാന്‍ഡിംഗ് ഓഫീസര്‍ക്കും നൽകിയ അപേക്ഷ സ്വീകരിക്കാതെ വന്നതോടെയാണ് ഹിന കോടതിയെ സമീപിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ക്ക് അവര്‍ സ്വയം വിശേഷിപ്പിക്കുന്ന വിഭാഗത്തില്‍ എന്‍സിസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഈ ഉത്തരവിലൂടെ പ്രാപ്തമാകുന്നത്.