സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിലെ അസ്വാരസ്യങ്ങൾ മറ നീക്കി പുറത്തു വരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്റെ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജി വെച്ചു. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി ആസ്ഥാനത്ത് വച്ച് അവര്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.

പാര്‍ട്ടി സ്ത്രീകളെ പരിഗണിക്കാത്തതില്‍ തലമുടിയുടെ ഒരു ഭാഗവും രാജ്യത്തെയും സംസ്ഥാനത്തെയും സ്ത്രീകളെ പരിഗണിക്കാത്ത നയങ്ങള്‍ക്ക് എതിരെ മറ്റൊരു ഭാഗവും മുറിക്കുമെന്നായിരുന്നു പ്രഖ്യാപനം. 20 ശതമാനം സീറ്റ് മഹിളാ കോൺഗ്രസിന് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഓരോ ജില്ലയിൽ നിന്ന് ഓരോ വനിതാ എന്ന നിലയിലെങ്കിലും സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നെങ്കിലും പാർട്ടി അവഗണിച്ചെന്ന് ലതികാ സുഭാഷ് ആരോപിച്ചു. സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി പലയിടങ്ങളില്‍ പ്രതിഷേധം അണപൊട്ടുന്നുണ്ട്.