സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം പ്രഖ്യാപിച്ചു. 83 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനാണ് പ്രഖ്യാപച്ചത്. 12 വനിതകളും മത്സര രംഗത്തുണ്ട്. സീറ്റ് വിഭജന കാര്യത്തില്‍ എല്ലാ ഘടകകക്ഷികളും സഹകരിച്ചുവെന്ന് എ. വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ കക്ഷികളും വിട്ടുവീഴ്ച ചെയ്തു. സിപിഐഎം അഞ്ച് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെ ഏഴ് സീറ്റുകള്‍ ഘടക കക്ഷികള്‍ക്കായി വിട്ടുകൊടുത്തു. എല്ലാ ഘടക കക്ഷികളും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്ന കാര്യത്തില്‍ സംതൃപ്തിയുണ്ട്. നന്നായി പ്രവര്‍ത്തിച്ചിരുന്ന ഏതാനം പ്രവര്‍ത്തകരെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് നിയോഗിക്കാനും പുതിയ ആളുകള്‍ക്ക് അവസരം നല്‍കാനുമാണ് പാര്‍ട്ടി ഇത്തവണ ശ്രമിക്കുന്നത്. ആരെയും ഒഴിവാക്കലല്ല രണ്ടുതവണ മാനദണ്ഡത്തിന്റെ ഉദ്ദേശം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയാണ്. വിദ്യാര്‍ത്ഥി യുവജന രംഗത്ത് പ്രവര്‍ത്തിക്കുന്ന 13 പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും നിലവിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ.കെ. ശൈലജ, ടി.പി. രാമകൃഷ്ണന്‍ എം.എം. മണി എന്നിവര്‍ മത്സരിക്കും. സംഘടനാ രംഗത്തുനിന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ ഇങ്ങനെ എട്ടുപേര്‍ മത്സരിക്കും. കഴിഞ്ഞ നിയമസഭയില്‍ അംഗങ്ങളായ 33 പേര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. അഞ്ച് മുന്‍മന്ത്രിമാരും നിലവിലുള്ള അഞ്ച് മന്ത്രിമാരും മത്സരിക്കില്ല. മഹാഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും ജനങ്ങള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചവരാണ്. 30 വയസില്‍ താഴെയുള്ള നാല് പേരാണ് പട്ടികയിലുള്ളത്.