പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിഗേഡ് റാലി ഇന്ന്

പശ്ചിമ ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിഗേഡ് റാലി ഇന്ന്. ഒട്ടേറെ പ്രമുഖര്‍ പ്രധാനമന്ത്രിയോടൊപ്പം വേദിയില്‍ എത്തുമെന്നാണ് വിവരം. നടനും മുന്‍ എംപിയുമായ മിഥുന്‍ ചക്രവര്‍ത്തി, നടന്‍ അക്ഷയ് കുമാര്‍ എന്നിവര്‍ വേദിയില്‍ എത്തുമെന്ന് ബംഗാളിലെ ബിജെപി നേതാക്കള്‍ അറിയിച്ചു. ഒരു അപ്രതീക്ഷിത താരം വേദിയില്‍ ഉണ്ടാകുമെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

ബംഗാളി സിനിമ താരം പ്രൊസെന്‍ ജിത് ചാറ്റര്‍ജി പ്രധാനമന്ത്രിയുമായി വേദി പങ്കിടുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തൃണമൂല്‍ സിറ്റ് നിഷേധിച്ച 28 എംഎല്‍എമാരില്‍ നിരവധി പേര്‍ ബ്രിഗേഡ് ഗ്രൗണ്ടില്‍ എത്തും. പ്രധാനമന്ത്രിക്കും ചലച്ചിത്ര താരങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കുമായി ബ്രിഗേഡ് ഗ്രൗണ്ടില്‍ മൂന്ന് വേദികള്‍ തയാറാക്കിയിട്ടുണ്ട്. സുരക്ഷക്കായി കേന്ദ്ര സേനയെ വിന്യസിച്ചു. 1500 സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം കേന്ദ്ര സര്‍ക്കാറിനെതിരായ പ്രതിഷേധവുമായി മമത ബാനര്‍ജിയുടെ പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു. വടക്കന്‍ ബംഗാളിലെ സിലിഗുഡിയിലാണ് ഇന്ധന വില വര്‍ധനവിനെതിരെ ഗ്യാസ് സിലിണ്ടറുകളുമായി മമത പദയാത്ര നടത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ബംഗാള്‍ മറ്റൊരു കശ്മീര്‍ ആകുമെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി ആരോപിച്ചു.