നിയമസഭാ തിരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജി വെച്ചത്. രണ്ട് തവണ തുടർച്ചയായി മത്സരിച്ചവർ തിരഞ്ഞെടുപ്പിൽ മാറി നിൽക്കണമെന്ന സിപിഎം നിർദ്ദേശം മൂലമാണ് പി ജയരാജന് ഉൾപ്പടെയുള്ള നിരവധി മുതിർന്ന നേതാക്കൾക്ക് ഈ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാനുള്ള സാധ്യത മങ്ങിയത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നിഷേധിച്ച തീരുമാനം പാർട്ടി പുനർചിന്തനം നടത്തണമെന്നും അല്ലെങ്കിൽ ഈ തീരുമാനം ഇടതുപക്ഷത്തെ ശക്തമായി ബാധിക്കുമെന്നും രാജി വെച്ച ധീരജ് കുമാർ പ്രൈം 21 നോട് പ്രതികരിച്ചു. വ്യക്തിപരമായ തീരുമാനമെന്നും നിലവിൽ സ്പോർട്സ് കൗൺസിൽ സ്ഥാനം മാത്രമാണ് രാജിവെക്കുന്നതെന്നും തുടർന്നും ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവർത്തിക്കുമെന്നും ധീരജ് കുമാർ വ്യക്തമാക്കി. കണ്ണൂർ അമ്പാടിമുക്കിൽ നിന്നും ധീരജിന്റെ നേതൃത്വത്തിലായിരുന്നു ബിജെപി- ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിൽ എത്തിയത്