നാലുവർഷം തുടർച്ചയായി ജയിച്ചവർക്ക് അവസരം നൽകേണ്ടെന്ന ഹൈക്കമാന്റ് നിർദ്ദേശം തള്ളി കെപിസിസി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിർപ്പ് കണക്കിലെടുത്താണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇന്നലെ നടന്ന തിരഞ്ഞെടുപ്പ് നിർവാഹക സമിതിയാണ് നിർദ്ദേശം തള്ളിയത്. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഇന്ന് സ്ക്രീനിങ് കമ്മിറ്റിയുടെ പരിഗണനക്ക് വരും. രണ്ട് തവണ തുടർച്ചയായി ജയിച്ചതാണ് സിപിഎമ്മിൽ സീറ്റ് ലഭിക്കാതിരിക്കാനുള്ള മാനദണ്ഡമെങ്കിൽ രണ്ട് തവണ തുടർച്ചയായി പരാജയപ്പെട്ടവർക്കാണ് നിലവിൽ കോൺഗ്രസിൽ സീറ്റ് ലഭിക്കാതിരുന്നത്.
ഹൈക്കമാന്റ് നിർദ്ദേശം നടപ്പാക്കുകയാണെങ്കിൽ ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ്, വി.ഡി. സതീശന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍കുമാര്‍ എന്നിവരെ ഈ നിബന്ധന ബാധിക്കും. ഇതിൽ ഉമ്മൻചാണ്ടിക്ക് മാത്രം ഇളവ് നൽകാനുമായിരുന്ന് ഹൈക്കമാന്റ് നിർദ്ദേശം. എന്നാല്‍ ആ നിബന്ധന ഉള്‍പ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നുമായിരുന്നു സീറ്റ് നഷ്ടപ്പെടുന്നവരുടെ പ്രതികരണം. ഇതോടെ ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം സമിതിക്ക് തള്ളേണ്ടി വന്നു. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അഭിപ്രായം ചോദിച്ചില്ലെന്ന ആക്ഷേപവും കെ മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ക്കുണ്ട്.
