ഹൈക്കോടതിൽ കസ്റ്റംസ് സത്യവാങ്‌മൂലത്തിലൂടെ വെളിപ്പെടുത്തിയ സ്വപ്നയുടെ മൊഴി ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.
കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും ഉണ്ടായിരുന്നുവെന്നും സർക്കാർ പദ്ധതികളുടെ പേരിൽ നിയമ വിരുദ്ധ സാമ്പത്തീക ഇടപാടുകൾ നടന്നതായും കസ്റ്റംസ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരുന്നു. ഇത് സംബന്ധിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനു ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തത് രാജ്യദ്രോഹ കുറ്റമാണെന്നും തെളിവുകൾ കയ്യിൽ ഉണ്ടായിട്ടും അന്വേഷണം മന്ദഗതിയിലായത് മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾക്കെതിരേ പ്രധാന മന്ത്രിക്ക് കത്തയക്കുന്നതും. അതിനു ശേഷം പിന്നീട് ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.