മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രം; മരക്കാറിന്റെ റിലീസിങ്ങ് തിയതിയുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടിലെ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ റിലീസിങ്ങ് തിയതി എത്തി. മെയ് 13 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പുതുക്കിയ തിയതി അറിയിച്ചത്.

നേരത്തെ മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം തിയേറ്ററുകളിലെ പ്രതിസന്ധികള്‍ കാരണമാണ് മാറ്റിയത്. ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.