അഞ്ചുനാള്‍ ഇനി പാലക്കാട് സിനിമാക്കാലം

കേരള ചലച്ചിത്രമഹോത്സവം ആദ്യമായി പാലക്കാട്ടെത്തുന്നതിന്റെ ആവേശത്തിലാണ് സിനിമാസ്വാദകര്‍. മാര്‍ച്ച് ഒന്നുമുതല്‍ അഞ്ചുവരെ അഞ്ച് തിയേറ്ററുകളിലായാണ് മേള.

പ്രിയ, പ്രിയദര്‍ശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദുര്‍ഗ എന്നീ തിയേറ്ററുകളിലാണ് പ്രദര്‍ശനം. ഓരോ തിയേറ്ററിലും 200 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കയുള്ളൂ. പൊതുപരിപാടികളോ സാംസ്‌കാരിക പരിപാടികളോ ഉണ്ടായിരിക്കില്ല. ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കയുള്ളൂ.

മീറ്റ് ദ ഡയറക്ടര്‍, പ്രസ് മീറ്റ്, മാസ്റ്റര്‍ ക്‌ളാസ്, വിദേശ അതിഥികളുടെ സാന്നിധ്യം എന്നിവയെല്ലാം ഓണ്‍ലൈന്‍വഴിയായിരിക്കും. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദേശപ്രതിനിധികളോ അതിഥികളോ മേളയില്‍ നേരിട്ട് പങ്കെടുക്കില്ല. അന്താരാഷ്ട്ര മത്സരവിഭാഗം, ലോക സിനിമാവിഭാഗം, മലയാളം സിനിമ ടുഡേ, ഇന്ത്യന്‍സിനിമ നൗ, കലൈഡോസ്‌കോപ്പ്, റെട്രോസ്‌പെക്ടീവ്, ഹോമേജ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളും മേളയിലുമണ്ടായിരിക്കും.