ഉറപ്പാണ് എല്‍.ഡി.എഫ്.. പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്

നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പരസ്യവാചകവുമായി എല്‍.ഡി.എഫ്. ഉറപ്പാണ് എല്‍.ഡി.എഫ്’ എന്നതാണ് ഇത്തവണത്തെ പരസ്യ ടാഗ് ലൈന്‍. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം’ തുടങ്ങി ഉപതലക്കെട്ടുകളോട് കൂടിയാണ് പരസ്യവാചകം.
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി പരസ്യവാചകം പ്രകാശനം ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകളും പോസ്റ്ററുകളും തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികള്‍ ഉള്‍പ്പെടുത്തിയാണ് എല്‍.ഡി.എഫിന്റെ പ്രചരണ ബോര്‍ഡുകള്‍.

എല്‍.ഡി.എഫ് വരും എല്ലാം ശരിയാവും എന്നതായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരസ്യവാചകം. ജോണ്‍ ബ്രിട്ടാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരസ്യങ്ങളുള്‍പ്പെടെ പദ്ധതി തയ്യാറാക്കിയിരുന്നത്.കൊച്ചിയിലെ പ്രമുഖ പരസ്യ സ്ഥാപനമായ മൈത്രി ആവിഷ്‌കരിച്ച ഈ പരസ്യ വാചകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.