മുസ്ലീം ലീഗ്-കോണ്‍​ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി ; മുസ്ലീം ലീ​ഗിന് മൂന്നു സീറ്റുകള്‍ കൂടി

കോഴിക്കോട്: മുസ്ലീം ലീഗ്-കോണ്‍​ഗ്രസ് സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായി. മുസ്ലീം ലീഗിന് 3 സീറ്റ് അധികം നല്‍കാന്‍ ധാരണയായി. ഇതോടെ ആകെ 27 സീറ്റില്‍ ലീഗ് മത്സരിക്കും. ചില സീറ്റുകള്‍ വച്ചു മാറും. കൊല്ലം ജില്ലയില്‍ പുനലൂരും ചടയമംഗലവും വച്ചുമാറും. കോഴിക്കോട്ട് കുന്ദമംഗലവും ബാലുശ്ശേരിയും വച്ചു മാറും.ബേപ്പൂര്‍, കൂത്ത് പറമ്ബ്, ചേലക്കര എന്നിവയാണ് ലീ​ഗിന് പുതിയതായി ലഭിച്ച സീറ്റുകള്‍. നടന്‍ ധര്‍മ്മജനെ പരിഗണിക്കുന്ന മണ്ഡലമാണ് കോണ്‍​ഗ്രസിന് ലീ​ഗ് വിട്ടുനല്‍കുന്ന ബാലുശ്ശേരി. പുതിയ 7 സീറ്റുകളാണ് ലീ​ഗ് ചോദിച്ചത്. പുതിയതായി ലഭിച്ച ചേലക്കര സംവരണമണ്ഡലമായതിനാല്‍ ലീഗിന് പ്രാദേശീകമായി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തേണ്ടി വരും. പൊതുസമ്മതരേയും പരിഗണിച്ചേക്കും.

അതേസമയം തിരുവമ്ബാടി മണ്ഡലം ലീഗിന് തന്നെ നല്‍കും. ഇതിന് പിന്നാലെ താമരശ്ശേരി ബിഷപ്പുമായി ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലികുട്ടിയും എം.കെ മുനീറും ചര്‍ച്ച നടത്തി. തിരുവമ്ബാടി മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിന് പിന്തുണ തേടിയാണ് ഇരുവരും എത്തിയിരിക്കുന്നത്. ബിഷപ്പ് റമിജിയോസ് ഇഞ്ചനാലിയലുമായിട്ടാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ സഭ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, 12 സീറ്റു വേണമെന്ന പിടിവാശിയിലാണ് കേരള കോണ്‍ഗ്രസ്. പത്തു സീറ്റു നല്‍കാമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബുധനാഴ്ചയോടെ സീറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.

യുഡിഎഫില്‍ പ്രാഥമിക സീറ്റ് ധാരണയാണ് പൂര്‍ത്തിയായത്. അന്തിമ തീരുമാനം നാളെയുണ്ടാകും. നാളെ പി.ജെ. ജോസഫുമായും മുസ്ലീംലീഗ് നേതാക്കളുമായും കെപിസിസി നേതൃത്വം ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന് ശേഷമാകും അന്തിമ സീറ്റ് ധാരണ പ്രഖ്യാപിക്കുക.