ആറ്റുകാല്‍ പൊങ്കാല ഇന്ന്

 

പ്രസിദ്ധമായ തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇന്ന്. രാവിലെ 10.20ന് നടത്തുന്ന ശുദ്ധ പുണ്യാഹ ചടങ്ങുകള്‍ക്ക് ശേഷം 10.50നാണ് ക്ഷേത്രത്തില്‍ തയാറാക്കുന്ന പണ്ടാര അടുപ്പിലേക്ക് തീ പകരുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ക്ഷേത്ര പരിസരത്തോ പൊതുയിടങ്ങളിലോ പൊങ്കാല അനുവദിക്കില്ല. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല സമര്‍പ്പിക്കാം. 3.40നാണ് പൊങ്കാല നിവേദ്യം. ആചാര പ്രധാനമായ കുത്തിയോട്ടം ഇത്തവണ പണ്ടാര ഓട്ടം മാത്രമായി പരിമിതപ്പെടുത്തി. ക്ഷേത്രത്തിന് മുന്നിലിരിക്കുന്ന തോറ്റംപാട്ടുകാര്‍ കണ്ണകീ ചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടിക്കഴിഞ്ഞാലുടന്‍ തന്നെ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നും ദീപം പകര്‍ന്ന് മേല്‍ശാന്തി പി ഈശ്വരന്‍ നമ്പൂതിരിക്ക് കൈമാറും.