നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു

 


കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 2ന്. പത്രികാ സമർപ്പണം മാർച്ച് 20ന്. മാർച്ച് 20നാണ് സൂക്ഷ്മ പരിശോധനയും. പത്രിക പിൻവലിക്കാനുള്ള അവസാന തിയതി മാർച്ച് 22 ആണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രിൽ ആറിന് തന്നെ നടക്കും. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ മാത്രമേ പാടുള്ളു. പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമേ അനുവദിക്കുകയുള്ളു. വാഹന ജാഥയിൽ അഞ്ച് വാഹനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളു. ഇന്ന് മുതൽ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരും.