ഇരുപതിലധികം തവണ മാറ്റിവയ്ക്കപ്പെട്ട ശേഷം ലാവലിന്‍ കേസില്‍ നാളെ സുപ്രീംകോടതിയില്‍ വാദം തുടങ്ങും.

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലാവലിന്‍ കേസില്‍ നാളെ നിര്‍ണായകവാദം തുടങ്ങും. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതായി സൂചന. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കേസ് പരിഗണിച്ച ഘട്ടത്തില്‍ ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കുകയുള്ളുവെന്ന് ജസ്റ്റിസ് യു.യു.ലളിത് സിബിഐയോട് വ്യക്തമാക്കിയിരുന്നു.നാളെ കേസ് വാദത്തിന് എടുക്കാം എന്നാണ് സിബിഐ നിലപാട്.

ഇരുപതിലധികം തവണയാണ് ലാവലിന്‍ കേസ് മാറ്റിവയ്ക്കപ്പെട്ടത്. കേസില്‍ വാദത്തിന് തയ്യാറാണെന്ന് സിബിഐ അറിയിച്ചതോടെ അഭിഭാഷകരുമായി സിബിഐ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. നാളെ സിബിഐക്കായി കോടതിയില്‍ ഹാജരാവുക തുഷാര്‍ മേത്തയാവും എന്നാണ് സൂചന. പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയുമടക്കം എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.