വെള്ളിയാംപറമ്പിൽ വൻ തീപ്പിടിത്തം

വെള്ളിയാംപറമ്പ് ഭാഗത്ത് 30 ഏക്കറോളം സ്ഥലത്ത് തീപ്പിടിത്തം. കീഴല്ലൂർ പഞ്ചായത്തിലെ 10, 11 വാർഡുകളിൽപ്പെട്ട കിയാൽ ഏറ്റെടുത്ത സ്ഥലത്താണ് തീപ്പിടിത്തമുണ്ടായത്. പുല്ലിലും കുറ്റിക്കാടുകളിലുമായി പടർന്ന തീ മൂന്നുമണിക്കൂറിലധികം എടുത്താണ് മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേന നിയന്ത്രണവിധേയമാക്കിയത്. വാഹനം കടന്നുപോകാൻ സൗകര്യമില്ലാത്തതും തീയണക്കുന്നത് ദുഷ്കരമാക്കി. മട്ടന്നൂർ അഗ്നിരക്ഷാ നിലയത്തിലെ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ പി.കെ.ജയരാജൻ, പി.പി.രാജീവൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാംഗങ്ങളും സിവിൽ ഡിഫൻസ് വൊളന്റിയർമാരും ചേർന്നാണ് തീയണച്ചത്.