ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിനവും ഇന്ധനവില വര്‍ധിച്ചിരിക്കുകയാണ്.

കൊച്ചിയിൽ പെട്രോൾ വില 90 രൂപ 0.2 പൈസയും ഡീസൽ വില 84 രൂപ 64 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 91.78 രൂപയും ഡീസൽ വില 86.29 രൂപയുമായി. പത്ത് ദിവസത്തിനിടെ ഡീസലിന് 3 രൂപ 30 പൈസയും പെട്രോളിന് 2 രൂപ 93 പൈസയുമാണ് കൂട്ടിയത്.

ഇന്ധനവില കുത്തനെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറക്കുന്നത് നിയന്ത്രിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. എണ്ണ ഉത്പാദക രാജ്യങ്ങള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ വില കൂട്ടാനുള്ള തീരുമാനത്തിന്‍റെ ഭാഗമായി ഓപെക് എണ്ണ ഉത്പാദനം കുറച്ചിരിക്കുകയാണ്.