ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ന്

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27 ന്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതു സ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തർക്ക് വീടുകളിൽ പൊങ്കാല അർപ്പിക്കാമെന്നും കുത്തിയോട്ട നേർച്ച ക്ഷേത്രത്തിൽ തന്നെ പരിമിതപ്പെടുത്തിയെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചാരങ്ങൾ പാലിച്ച് പൊങ്കാല ഉത്സവം നടത്താനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം. ഫെബ്രുവരി 19ന് തോറ്റം പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. പൊങ്കാല ദിവസമായ ഫെബ്രുവരി 27 ശനിയാഴ്ച രാവിലെ 10. 50ന് ക്ഷേത്രത്തിൽ സജ്ജീകരിച്ച പണ്ടാര അടുപ്പിൽ തീ കത്തിക്കും. ഉച്ചയ്ക്ക് 3.40നാണ് പൊങ്കാല നിവേദ്യം. അന്ന് രാത്രി പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് ഫെബ്രുവരി 28ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവത്തിന് സമാപനമാകും. എന്നാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്ഷേത്ര കോമ്പൗണ്ടിലോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാല ഉണ്ടായിരിക്കുന്നതല്ല.