ദേശീയ ആരോഗ്യ ദൗത്യം പദ്ധതിൽ ലഭിച്ച 3. 19 കോടി രൂപ ചിലവഴിച്ച് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ച മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ഉദ്ഘാടനവും കിഫ്ബി അംഗീകാരം കിട്ടിയ 57 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ പ്രവൃത്തികളുടെ തറക്കല്ലിടലും 22 ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. നിലവിലുള്ള താലൂക്ക് ആശുപത്രി കെട്ടിട ത്തിന്റെ ഒന്നാം നിലയായി 9000 ചതുരശ്ര അടിയിൽ മാതൃ ശിശു സംരക്ഷണ ബ്ലോക്ക് ആണ് പണിതത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ള ഹൈടെക് നില വാരത്തിലാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
പ്രസവ മുറി, രണ്ട് ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, നവജാത ശിശു തീവ്രപരിചരണ വിഭാഗം, വാർഡുകൾ എന്നിവ മാതൃ – ശിശു സംരക്ഷണ ബ്ലോക്കിൽ ക്രമീകരിച്ചിട്ടുണ്ട്. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സമർപ്പിച്ച 57 കോടി രൂപയുടെ മാസ്റ്റർ പ്ലാനിനു കിഫ്ബി അനുമതി ലഭിച്ച സാഹചര്യത്തിലാണ് തറക്കല്ലിടുന്നത്. നിലവിലുള്ള പഴയ ക്വാർട്ടേഴ്സുകളെല്ലാം പൊളിച്ചു മാറ്റി 5 നില ആശുപത്രി സമുച്ചയം പണിയാനും പഴയ ഒ പി – ഐ പി ബ്ലോക്കുകൾ നവീകരിക്കാനുമാണ് പദ്ധതി. 5 നില കെട്ടിടത്തിൽ എല്ലാ സ്പെഷ്യാലിറ്റി വിഭാഗങ്ങളും, പഴയ ഒ പി – ഐ പി കെട്ടിടം നവീകരിക്കുന്നിടത്ത് കാഷ്വാലിറ്റിയും പാമ്പു കടി ചികിത്സാ കേന്ദ്രവുമാണ് ലക്ഷ്യമിടുന്നത്.