‘സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല’ : ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്

കൊച്ചി : ‘സലിംകുമാറിനെ ക്ഷണിക്കാത്തതിനാൽ കൊച്ചിയിലെ ഐഎഫ്എഫ്‌കെ ബഹിഷ്‌കരിക്കുന്നതായി കോണ്‍ഗ്രസ്. എം.പി ഹൈബി ഈഡനാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത് . സലിംകുമാറില്ലെങ്കില്‍ ഞങ്ങളുമില്ല, കൊച്ചിയിലെ ഫിലിം ഫെസ്റ്റിവല്‍ കോണ്‍ഗ്രസ് ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റ്. അതേസമയം സലിം കുമാറിനെ ഐഎഫ്എഫ്കെ കൊച്ചി എഡിഷനിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ആർക്കെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വ്യക്തമാക്കി.

കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്ര മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയിൽ ദേശീയ അവാർഡ് ജേതാവായ സലിം കുമാറിനെ ഉൾപ്പെടുത്തിയില്ലെന്ന വാര്‍ത്ത ചൊവ്വാഴ്ചയാണ് പുറത്തുവന്നത്. ദേശീയ അവാർഡ് ജേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുകയെന്ന പതിവ് സംഘാടകർ അട്ടിമറിച്ചെന്നും രാഷ്ട്രീയമാണ് ഇതിന് പിറകിലെന്നുമാണ് സലിം കുമാർ പ്രതികരിച്ചത്.