ചിരട്ടയിൽ സംഗീതഉപകരണമുണ്ടാക്കി കണ്ണൂരുകാരൻ

കണ്ണൂർ അഴിക്കോട്ക്കാരനായ മഹേഷ് സംഗീതത്തിന് ജീവൻ നൽകുന്നത് വെറുതെയെന്ന് കരുതി വലിച്ചെറിഞ്ഞ ചിരട്ടയാണ്. സൂക്ഷമതയോടെ മിനുക്കിയെടുത്ത ചിരട്ട കൊണ്ടാണ് മഹേഷ് ഈ സംഗീതോപകരണങ്ങളൊക്കെയും നിർമ്മിക്കുന്നത്. ചിരട്ടകൊണ്ട് എങ്ങനെയിത് സാധ്യമായെന്നാണ് സംശയമെങ്കിൽ മഹേഷിന്റെ ഉത്തരം ഇതാണ്.

ചിരട്ട ചെറിയ കഷ്ണങ്ങളാക്കിയശേഷം പശ ചേർത്ത് ഒട്ടിച്ചുവെച്ചാണ് ഈ നിർമ്മാണം. പിന്നെ ഭാവനയ്ക്കനുസരിച്ച് സ്വൽപം മിനുക്ക് പണികളും ഉണ്ടാകും. മരത്തിൽ നിർമ്മിച്ച സംഗീതോപകരണങ്ങൾ വാങ്ങിച്ച് അവ സൂക്ഷമായി നീരിക്ഷിച്ച ശേഷമാണ് ചിരട്ടയിൽ രൂപകൽപന ചെയ്യുന്നത്. വയലിൻ, ഗിറ്റാർ, ഹാർമോണിയം, ഓടുക്കുഴൽ, ബ്യൂഗിൾ എന്നിവ ഇതിനോടകം ഇങ്ങനെ നിർമ്മിച്ചു കഴിഞ്ഞു. ഇനി മദ്ദളവും ഇടയ്ക്കയും നിർമ്മിക്കാനുള്ള ശ്രമത്തിലാണ്.

https://www.facebook.com/104005161168894/videos/765678831028618

കോവിഡ് കാലത്ത് ചിരട്ടകൊണ്ട് ശബ്ദമില്ലാത്ത വീണയുടെ രൂപം നിർമ്മിച്ചിരുന്നു. എന്ത് കൊണ്ട് ഇവയിൽ നിന്ന് ശബ്ദമുണ്ടാക്കിക്കൂടാ എന്നായി അടുത്ത ചിന്ത. കുറെ പരിശ്രമിച്ചപ്പോൾ ആ ലക്ഷ്യം ഒരു വീണാനാദമായി പൂർണതയിലെത്തുകയും ചെയ്തു. മുകാംബികദേവിയുടെ സന്നിധിയിൽ വച്ച് സംഗീതജ്ഞൻ ൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ചിരട്ടയിലെ ഈ വിസ്മയങ്ങൾ കണ്ട് അത്ഭുതപ്പെട്ടതും സംഗീതാർചനയക്ക് ഉപയോഗിക്കുകയും ചെയ്തു. ആ നിമിഷങ്ങൾ ഓർക്കുമ്പോൾ മഹേഷ് വികാരഭരിതനാകും

കലാകാരൻമാരായ മക്കൾ എല്ലാറ്റിനും മഹേഷിന്റെ കൂടെയുണ്ട്. മഹേഷ്‌ നിർമ്മിച്ച സംഗീതഉപകരണങ്ങൾ സ്വരം ചേർത്ത് നോക്കുന്നത് മക്കളാണ്. ചിരട്ടയെ വെറുതെ പുച്ഛിച്ചു തള്ളുന്നവർ ഇടയ്ക്ക് തന്റെ കലാസൃഷ്ടിയെയും അംഗീകരിക്കണമെന്നാണ് മഹേഷ് പറയുന്നത്.