ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ മലയാളിക്കെതിരെയും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകയും മുംബൈ ഹൈക്കോടതി അഭിഭാഷകയുമായ നികിത ജേക്കബിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇവര്‍ ഇന്ത്യ വിരുദ്ധ ക്യാമ്പയിനുകളില്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്നായിരുന്നു ഡല്‍ഹി പൊലീസിന്റെ വാദം.ഇതുപ്രകാരം ഡല്‍ഹി പൊലീസ് നല്‍കിയ അപേക്ഷയിലാണ് ഡല്‍ഹി കോടതിയുടെ നടപടിയെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ക്യാമ്പയിന്‍ നടത്താന്‍ വിദേശ സെലബ്രറ്റികള്‍ക്ക് നികിത സൗകര്യമൊരുക്കി എന്നാണ് നിയമാവകാശ നിരീക്ഷണാലയം ഡല്‍ഹി പൊലീസിനു നല്‍കിയ പരാതി.അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും പരാതിയില്‍ പറയുന്നു.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റ് എഡിറ്റ് ചെയ്തുവെന്ന് ആരോപിച്ച് ബംഗളൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തകയും, മൗണ്ട് കാര്‍മല്‍ കോളജിലെ വിദ്യാര്‍ത്ഥിനിയുമായ ദിഷയെ ഡല്‍ഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ നടപടിയെ തുടര്‍ന്ന് ദിഷാ രവിയെ അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ നികിത ജേക്കബ് ബോംബൈ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്യും. അറസ്സ് തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക.