ഈ സൈക്കിൾ യാത്ര കാഴ്ചകൾ കാണാനല്ല : വ്യത്യസ്തം ഈ കണ്ണൂരുകാരന്റെ യാത്ര

 

തെരുവിൽ വലിച്ചെറിയപ്പെടുന്ന ബാല്യങ്ങൾക്ക് തന്നാൽ കഴിയുന്ന സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് നിജേഷ്കുമാർ ഓൾ ഇന്ത്യ സൈക്കിൾ യാത്ര ആരംഭിച്ചിരിക്കുന്നത്. ഇത്തരം ഒരു ആശയം മനസ്സിലുദിച്ചപ്പോൾ നിജേഷ് ആദ്യം സമീപിച്ചത് ശിശുക്ഷേമ വകുപ്പിനെയും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോയെയുമാണ്.

യുവജനങ്ങൾക്ക് മാതൃകയാവുന്ന ഈ പ്രവൃത്തിക്ക് മുന്നിട്ടിറങ്ങിയ നിജേഷിന് എല്ലാവിധ പിൻതുണയും സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ഉറപ്പു നൽകുകയും ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കുകയും ചെയ്തു.

ഒരോ സംസ്ഥാനങ്ങളിലുമെത്തി സുമനസ്സുകളിൽ നിന്നും ഒരു രൂപ സഹായം ആവശ്യപ്പെടുകയും അങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് തെരുവിലെ കുട്ടികളടക്കമുള്ള നിര്‍ദ്ധനര്‍ക്ക് സഹായം നൽകാനുമാണ് നിജേഷ് ലക്ഷ്യമിടുന്നത്.കാഴ്ചകൾ കണ്ടുമടങ്ങാൻ മാത്രമല്ല..യാത്രക്കിടെ കണ്ടുമുട്ടുന്ന നിര്‍ധനരുടെ കണ്ണീരൊപ്പാനുമാണ് ഈ കണ്ണൂരുകാരന്റെ യാത്ര.