റാഗിംഗ് നടത്തിയ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരു : റാഗിംഗ് നടത്തിയെന്ന പരാതിയിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ.മംഗളൂരുവിലെ കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. ഒന്നാം വർഷ വിദ്യാർത്ഥികളായ അഞ്ച് പേരെയാണ് ഇവർ റാഗ് ചെയ്തത്. റാഗിംഗിന് ഇരയായതും മലയാളി വിദ്യാർത്ഥികളാണ്.

മുടിവെട്ടാനും മീശവടിക്കാനുമാണ് ഇവർ ഒന്നാം വർഷ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടത്. ഒപ്പം തീപ്പെട്ടിക്കൊള്ളികൾ എണ്ണുവാനും അത് ഉപയോഗിച്ച് മുറിയുടെ അളവെടുക്കാനും ഇവർ ആവശ്യപ്പെട്ടതായും അനുസരിക്കാത്തവരെ മുറിയിൽ പൂട്ടിയിടുകയും ആക്രമിക്കുകയും ചെയ്തതായും വിവരമുണ്ട്.

പതിനെട്ട് വിദ്യാർത്ഥികൾ റാഗ് ചെയ്തുവെന്നാണ് കോളജ് അധികൃതർ പൊലീസിന് നൽകിയ പരാതി. ഇതിൽ പതിനൊന്ന് വിദ്യാർത്ഥികൾ നേരത്തേ റാഗ് ചെയ്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, മലപ്പുറം, കാസർഗോഡ് സ്വദേശികളാണ് അറസ്റ്റിലായത്.