സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് സമരം തുടരുന്നു

സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരം ഇന്നും തുടരുന്നു . പ്രതിപക്ഷ സംഘടനകളുടെ പിന്തുണ കൂടിയായതോടെ സമരം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍. സമര വേലിയേറ്റമാണ് കഴിഞ്ഞ കുറച്ചു നാളുകളായി സെക്രട്ടേറിയറ്റിനു മുന്നില്‍. രാപ്പകലില്ലാതെ ജോലിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് യുവാക്കള്‍. മന്ത്രിസഭാ യോഗത്തില്‍ അനുകൂല സമീപനം പ്രതീക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വിശദീകരിച്ചതോടെ ഭാവി അനിശ്ചിതത്വത്തിലാണ്. എങ്കിലും സമരം തുടരാനാണ് തീരുമാനം. പ്രതിപക്ഷ സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സമരം കൂടുതല്‍ പ്രക്ഷുബ്ധമാകും. സമരത്തിന്റെ രൂപം മാറ്റി സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കാനാവും വരും ദിവസങ്ങളിലെ സമരക്കാരുടെ ശ്രമം.