രണ്ട്‌ ത്രിമാന സ്‌ക്രീനുകളുള്‍പ്പെടെ അഞ്ച് സ്‌ക്രീനുകളുമായി ഷേണായീസ് വെള്ളിയാഴ്ച

കൊച്ചി : രണ്ട്‌ ത്രിമാന സ്‌ക്രീനുകളുള്‍പ്പെടെ അഞ്ച് സ്‌ക്രീനുകളുമായി ഷേണായീസ് വെള്ളിയാഴ്ച മിഴിതുറക്കും. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ്‌ നവീകരിച്ച ഷേണായീസ് തുറക്കുന്നത്.വളഞ്ഞുപുളഞ്ഞ്‌ ബാല്‍ക്കണിയിലേക്കു കയറിപ്പോകുന്ന വഴിയും പഴയ ലിറ്റില്‍ ഷേണായീസും ഇനിയില്ല. ലിറ്റില്‍ ഷേണായീസ് ‘സ്‌ക്രീന്‍ 05’ ആയി. പക്ഷേ, ഷേണായീസിന്റെ ‘വ്യക്തിത്വം’ ആയ വൃത്താകൃതിയിലുള്ള രൂപത്തിനു മാറ്റമില്ല. ആദ്യ ദിനത്തില്‍ സാജന്‍ ബേക്കറി, ഓപ്പറേഷന്‍ ജാവ, യുവം എന്നീ സിനിമകളാണ് തിരശ്ശീലയില്‍ തെളിയുക.

ഒന്നാം സ്‌ക്രീന്‍ ‘റിക്ലെയ്‌നര്‍’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോള്‍ബി അറ്റ്‌മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ. അഞ്ചു സ്‌ക്രീനും ‘4K’ പ്രൊജക്ഷനുള്ളതാണ്‌. ഒന്നാമത്തേതൊഴികെ ബാക്കി നാലിലും ‘7.1 ഡോള്‍ബി സൗണ്ട് സിസ്റ്റ’വുമാണ്. ഒന്നും മൂന്നും സ്‌ക്രീനുകളില്‍ ത്രീഡി സിനിമകളും പ്രദര്‍ശിപ്പിക്കാം. ‌68 സീറ്റുകള്‍ മാത്രമുള്ള ഒന്നാം സ്‌ക്രീന്‍ പ്രീമിയം തിയേറ്ററില്‍ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റര്‍ 268 സീറ്റുകളുള്ള സ്‌ക്രീന്‍ മൂന്നാണ്. സ്‌ക്രീന്‍ നാലില്‍ 71 സീറ്റുകളാണുള്ളത്.