നിയമന വിവാദത്തില്‍ കാലടി സര്‍വകലാശാലയിലേക്ക് വിവിധ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ബിജെപി പ്രവര്‍ത്തകര്‍ സര്‍വകലാശാല കാമ്പസ് ഗേറ്റ് ഉപരോധിച്ചു.കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറായി എം. ബി. രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതിപക്ഷ സംഘടനകളുടെ സമരപരമ്പര. വൈസ് ചാന്‍സിലര്‍ ധര്‍മരാജ് അടാട്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് മതില്‍ ചാടിക്കടന്ന് സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലേക്ക് തള്ളിക്കയറി. വിസിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പിന്നാലെ ബിജെപിയും പ്രതിഷേധവുമായി സര്‍വകലാശാലക്ക് മുന്നില്‍ എത്തി. പ്രധാന ഗേറ്റില്‍ ബാരിക്കേഡ് വെച്ച് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ ക്രമക്കേടില്ലെന്നാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വിസി ധര്‍മ്മരാജ് അടാട്ടിന്റെ വിശദീകരണം.