കേന്ദ്ര സർക്കാരിന് കുട പിടിച്ച് ട്വിറ്റർ : കർഷക സമരത്തെ അനുകൂലിച്ച് ഈ വാക്കുകൾ കണ്ടാൽ അക്കൗണ്ട് അസാധുവാക്കും

 

ദില്ലി : കേന്ദ്ര-സർക്കാരിന് വഴങ്ങി ട്വിറ്റർ. ക്രിമിനൽ നടപടികളിൽ നിന്ന് രക്ഷനേടാൻ ഐ.ടി മന്ത്രാലയം നിർദേശിക്കുന്ന അക്കൗണ്ടുകൾ അസാധുവാക്കുകയാണ് ട്വിറ്റർ. ഐ.ടി മന്ത്രാലയം നിർദേശിച്ച 257 ൽ 126 എണ്ണം ഇതുവരെ അസാധുവാക്കി.മോദിസർക്കാർ കർഷകരുടെ കൂട്ടക്കൊല ലക്ഷ്യമിടുന്നു എന്ന അർത്ഥം വരുന്ന മോദി പ്ലാനിംഗ് ഫാർമേഴ്‌സ് ജെനോസൈഡ് എന്ന ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്ത അക്കൗണ്ടുകൾക്കെതിരെയാണ് നടപടി.

ഐ ടി നിയമത്തിലെ 69എ(3) വകുപ്പ് പ്രകരം ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ വഴങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ 7 വർഷ തടവ് അടക്കം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി നടപടി സ്വീകരിക്കുന്നതിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ് ട്വിറ്റർ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. പാക്ക് പിന്തുണയോടെ ഖാലിസ്ഥാൻ അനുകൂല സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം നേരിടുന്ന അക്കൗണ്ടുകളും ട്വിറ്റർ പൂട്ടി തുടങ്ങി.