പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര സർക്കാർ 20 കോടി രൂപ അനുവദിച്ചു

കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയായ പഴശ്ശി സാഗർ മിനി ജലവൈദ്യുത പദ്ധതിയുടെ പൂർത്തീകരണത്തിന് കേന്ദ്ര സർക്കാർ 20 കോടി രൂപ അനുവദിച്ചു. നവീന അക്ഷയ ഊർജ പദ്ധതിയിൽ നിന്നാണ് പണം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി അഞ്ചുകോടി രൂപ കെ.എസ്.ഇ.ബി.ക്ക് കൈമാറി. ബാക്കി പണം നിർമാണ പുരോഗതി വിലയിരുത്തി ഘട്ടം ഘട്ടമായി അനുവദിക്കും. 2023 ജനുവരിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. 98 കോടി രൂപ ചെലവിൽ നിർമിക്കുന്ന ജല വൈദ്യുത പദ്ധതിയുടെ 46 കോടിയുടെ ആദ്യഘട്ടം പൂർത്തിയായി. 46 കോടിയുടെ പദ്ധതിയിൽ തുരങ്കത്തിന്റെ നിർമാണമാണ് പൂർത്തിയായത്. 48 കോടിയുടെ ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ പ്രവൃത്തി ഉടൻ ആരംഭിക്കും. 12-ന് പടിയൂർ പഞ്ചായത്തിലെ കുയിലൂരിൽ മന്ത്രി എം.എം.മണി പ്രവൃത്തി ഉദ്ഘാടനം ചെയ്യും.